അപരിചിതർ
കോടതി മുറിയിൽ നിന്ന് അവർ രണ്ട് അപരിചിതരെപോലെ പുറത്തേക്കിറങ്ങി. മണിക്കൂറുകൾക്കുമുമ്പുവരെ അവരെ തമ്മിൽ ബന്ധിപ്പിക്കുന്ന എന്തോ ഒന്ന് ഉണ്ടായിരുന്നു. അതൊരുപക്ഷെ അവളുടെ കഴുത്തിലെ മഞ്ഞചരടിൽ കോർക്കപ്പെട്ട ഒരു സ്വർണത്തകിടോ വിടർന്ന നെറ്റിത്തടത്തിലെ ചുവന്ന സിന്ദൂരമോ ആയിരുന്നിരിക്കണം. ബാഹ്യ അടയാളങ്ങൾക്കപ്പുറം യാതൊരു മൂല്യവും മേന്മയും ഇല്ലാത്ത ഒരു 'കെട്ട്'ബന്ധം.
കിടപ്പറയിൽ തന്റെ സർവ്വ സുഖങ്ങൾക്കും ഒരു കാവൽക്കാരി, അതായിരുന്നു അയാൾക്ക് അവൾ.
"ഭാര്യ" എന്ന രണ്ടക്ഷരങ്ങൾക്ക് വെറും ലൈംഗീക വസ്തു എന്ന് മുദ്രകുത്തിയ മൃഗം.
വിവാഹത്തിന്റ ആദ്യനാളുകളിൽ അയാളുടെ ചേഷ്ടകൾ ഒരു വൈവാഹിക പുരുഷന്റെ ജിജ്ഞാസകളായേ അവൾ കണ്ടുള്ളു.
പക്ഷേ, പിന്നീടങ്ങോട്ട് അയാളുടെ പ്രവർത്തികൾ അവൾക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. രാത്രി വൈകി മാത്രം കിടപ്പറയിലേക്ക് ക്ഷണിച്ചിരുന്ന ഭർത്താവിൽ ദിവസങ്ങൾ കഴിയുംതോറും അവൾ കണ്ടത് കണ്ണുകളിൽ നിറഞ്ഞുനിന്ന ലൈംഗിക അഭിനിവേശം മാത്രമായിരുന്നു.
ഇരുട്ട് അതിക്രമിച്ച യാമങ്ങളിലും കുത്തിയോഴുകുന്ന വിയർപ്പുകണങ്ങൾക്കിടയിലും അയാളുടെ ചുവന്നു തടിച്ച കണ്ണുകൾ പരതിയത്, അവളുടെ ശരീരത്തിൽ തന്റെ നഖക്ഷതങ്ങൾ ഏൽക്കാതെ ഇനിയും ബാക്കിയായ ഒരിഞ്ചുസ്ഥലംമാത്രമാണ്....
വെളുത്തുതുടുത്ത ആ ശരീരം രക്തവിവർണമായിട്ടും അയാളിലെ അഭിനിവേശം കേട്ടടങ്ങിയിരുന്നില്ല പലപ്പോഴും.
തന്റെ ദുരവസ്ഥ അറിയിച്ചുകൊണ്ടുള്ള വീട്ടിലേക്കുള്ള ഫോൺ കോളുകൾ അവൾക്ക് ആശ്വാസം നൽകിയിരുന്നില്ല എന്നുമാത്രമല്ല കൂടുതൽ തളർത്തുകയും ചെയ്തു.
"പെണ്ണാണ്,
അവന്റെ ഭാര്യയാണ്,
ഇതൊക്കെ നിന്റെ കടമയാണ്,
അവന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റുകയാണ് നീ ചെയ്യേണ്ടത്,
അല്ലാതെ, ഇതൊന്നും വലിയ പ്രശ്ങ്ങളായി കണ്ട് നാടുമൊത്തം കൊട്ടിഘോഷിക്കുകയല്ല വേണ്ടത്...«
ഒടുവിൽ അവൾ കണ്ടെത്തിയ വഴിയായിരുന്നു, ഈ പിൻവാങ്ങൽ...
സർവ്വ വിഷമങ്ങളിൽ നിന്നും വീർപ്പുമുട്ടലിൽ നിന്നും ഇറങ്ങി നടക്കുക, ഒരിയ്ക്കലും തിരിച്ചു വരാനാകാത്തവിധം പിന്നിലേക്ക് നടക്കുക.
അതുകൊണ്ട് ആവണം വിവാഹബന്ധം വേർപെടുത്തുന്ന പരാതിയിൽ പങ്കാളിയുടെ ദുർഗുണങ്ങളിൽ അവൾ ഇങ്ങനെ എഴുതിയത്,
"കഴുത്തിൽ കെട്ടിയ താലിചരടിന്റെ ബലം ഒന്നുകൊണ്ടു മാത്രം തന്നിൽ അധികാരം ഉണ്ടാക്കിയെടുത്തയാൾ,
ശരീരം പിടിച്ചടക്കി പിച്ചിചീന്തി അവസാന ശ്വാസം പോലും ബാക്കിയാണോന്ന് നോക്കാതെ വീണ്ടും അതാവർത്തിച്ച ഭ്രാന്തൻ,
അയാൾ എന്നിലെ പെൺമനം കണ്ടില്ല, അയാളുടെ കണ്ണിൽ മുഴുവനും ഞാൻ വെറും പെണ്ണുടൽ മാത്രം ആയിരുന്നു....."
കോടതിമുറിയിലെ വിചാരണ നാളുകളിൽ അവൾ ആദ്യം ശ്രദ്ധിച്ചത് ആ ചുവന്നു തടിച്ച കണ്ണുകൾ ആയിരുന്നു.
ആർത്തിമൂത്ത ആ കണ്ണുകളിൽ അപ്പോൾ പുച്ഛം മാത്രമായിരുന്നു നിറഞ്ഞു നിന്നിരുന്നത്.
ഉപയോഗ ശേഷം വലിച്ചെറിയാൻ പോകുന്ന ഒരു വിലകുറഞ്ഞ വസ്തുവിനോട് തോന്നുന്ന പുച്ഛം.....
പക്ഷെ, ആ പടിയിറക്കം കൊണ്ട് അവൾ സന്തുഷ്ടയായിരുന്നു, പറക്കുവാൻ ചിറകുകൾ സ്വന്തമായി കിട്ടിയ ഒരു പ്രത്യേക ആനന്ദം...
പരസ്പരം അപരിചിതർ ആണെന്ന മുഖംമൂടി അണിഞ്ഞതിന്റെ ആശ്വാസം....
✍🏻 ദിവ്യ ലക്ഷ്മി
Comments
Post a Comment