'അവിഹിത'യുടെ പ്രണയം
"എന്താ ഇന്നലെ വാരത്തെ..."
വാതിൽ തുറന്ന് അയാൾ അകത്തേക്ക് കയറുന്നതിനിടയിൽ അവൾ ചോദിച്ചു.
"പറ്റിയില്ല."
"വരുമെന്ന് പറഞ്ഞതല്ലേ..!?"
"ഉം, നമ്മൾ പറയുന്നത്പോലെയല്ലല്ലോ കാര്യങ്ങൾ നടക്കുന്നെ..!!"
ശരിയാ, ആഗ്രഹിച്ചതും സ്വപ്നം കണ്ടതും ഇതൊന്നുമല്ല.. അതിരുകളില്ലാത്ത ആഗ്രഹങ്ങളും കുന്നോളം പോന്ന സ്വപ്നങ്ങളും ആയിരുന്നു പണ്ടൊരിക്കൽ ജീവിതം.
ഇന്നതിൽ ഏറെക്കുറെ ശരിയാണ്...
കുന്നോളം സ്വപ്‌നങ്ങൾ... ആരുമറിയാതെ കഴുത്തിൽ താലി കെട്ടിയവനുവേണ്ടിട്ടുള്ള കാത്തിരിപ്പ്, ആ കാത്തിരുപ്പ് വെറുതെയാകുന്ന നിമിഷങ്ങളിൽ മനസ്സിൽ കാണുന്ന 'ഒരു കുന്നോളം പോന്ന സ്വപ്‌നങ്ങൾ..'
പക്ഷേ, ആ സ്വപ്‌നങ്ങൾക്ക് അതിരുകളില്ല. അവിടെ ഞങ്ങൾ തനിച്ചാണ്, ഞാനും എന്റെ 'ഭർത്താവും' പിന്നെ ഞങ്ങളുടെ 'അവിഹിത'ത്തിൽ പിറന്ന കുഞ്ഞും. ഞങ്ങൾ തീർത്തും സന്തുഷ്ടരാണ് അപ്പോൾ...
"നീ കുളിച്ചോ..??"
"ഇല്ല..."
"വേഗം പോയി കുളിക്ക്..."
"കുഞ്ഞിനെ കാണുന്നില്ലേ..."
"അവൾ ഉറങ്ങുവല്ലേ..!!"
"ഉം..."
"എന്നാ ഉണർത്തണ്ട, കിടക്കട്ടെ. എനിക്ക് വേറെ ഒന്നുരണ്ടു ആവശ്യങ്ങൾ ഉണ്ട്.. പെട്ടെന്ന് പോണം. അവൾ ഉണർന്നാൽ ശരിയാവില്ല.. എന്നെ പോകാൻ വിടില്ല, കിടന്ന് അലറും..."
കുളിക്കാനായി അവളെ തള്ളിവിട്ട കൈകൾക്ക് മാർദവം നഷ്ടപ്പെട്ടിരിക്കുന്നു..
തലയിലൂടെ ഊർന്നിറങ്ങിയ തണുന്ന വെള്ളം അവളുടെ കവിളിലൂടെ പാഞ്ഞുച്ചെന്ന് കണ്ണുനീരിനെ ചേർത്ത് പിടിച്ചു.. നിന്നെ ഞാൻ ഒരിക്കലും തനിച്ചാക്കില്ലെന്ന് പറയാതെ പറഞ്ഞപോലെ...
'അവൾ കിടന്ന് അലറും'- വല്ലപ്പോഴും വരുന്ന അച്ഛനെയും കണ്ണുംനട്ട് കാത്തിരിക്കുന്ന ഒരു പിഞ്ചുകുഞ്ഞ്, പെട്ടെന്ന് ഒരു ദിവസം കേറിവരുന്ന അച്ഛനെ അവൾ എങ്ങനെ തിരിച്ചുപോകാൻ അനുവദിക്കും...
ഇന്ന് അവളുടെ കരച്ചിൽ അലർച്ചയായി... നാളെ അത് അരോചകമാവും... മറ്റന്നാളോ....
"നീ അവിടെ എന്തെടുക്കുവാ... എനിക്ക് പോണമെന്ന് ഞാൻ പറഞ്ഞതല്ലേ..."
ഒന്നും മിണ്ടാതെ ദേഹം തുടച്ച് പുറത്തേക്കിറങ്ങി...
കുളിച്ചൊരുങ്ങി നിൽക്കുന്ന ഭാര്യയെ കാണാനല്ല ഈ വ്യാപ്രാളം...
നീ എപ്പോഴും വൃത്തിയായിരിക്കണം. വിയർപ്പ് നാറ്റമൊക്കെ ഉണ്ടായിരുന്നാൽ എനിക്ക് ഒരു താല്പര്യം കാണില്ല.
പിന്നെ അങ്ങോട്ട് മറ്റൊരു ലോകത്തേക്ക് പോയപോലെയാണ്.
ആദ്യമൊക്കെ അവളും ആസ്വദിച്ചു.
പിന്നെപ്പിന്നെ മടുത്തുതുടങ്ങി.
തോളിൽ പിടിച്ച് കട്ടിലിൽ ഇരുത്തുന്നു, പിന്നെ അവളെയും കൊണ്ട് ഒരു മലക്കം മറിച്ചിലാണ്... ഒന്നും മറുത്ത് പറയാതെ അവൾ കിടന്ന് കൊടുക്കും. മുൻപ് അവൾക്കുമുണ്ടായിരുന്നു, ഇഷ്ടങ്ങൾ, താല്പര്യങ്ങൾ... അന്നൊക്കെ ശരിക്കും ഇതൊക്കെ അവൾ ആഗ്രഹിച്ചിരുന്നു, ആസ്വദിച്ചിരുന്നു. ഇന്ന് അങ്ങനെ അല്ല. കാരണം കൂടെ കിടക്കുന്നവന് ഇത് വെറും കാട്ടിക്കൂട്ടലാണ്... കല്യാണം കഴിഞ്ഞ് കുട്ടികളൊക്കെ ആയതിൽ പിന്നെ 'അവിഹിത' ഭാര്യയോട് താല്പര്യകുറവ് തോന്നി തുടങ്ങി എന്നൊരു പരാതി വരാൻ പാടില്ലല്ലോ...
അതിനാണ് ജന്മം കൊടുത്ത പിഞ്ചുകുഞ്ഞിനെപ്പോലും ഒന്ന് കൊഞ്ചിക്കാൻ മിനക്കേടാതെ ഓടി കിടപ്പറയിലേക്ക് വന്നത്...
അഴിഞ്ഞുപോയ ഷർട്ടിന്റെ ബട്ടനുകൾ ശരിയാക്കിക്കൊണ്ട് അയാൾ എഴുന്നേറ്റു.
"ഞാൻ പോണു..."
"ഉം..."
"ഇനി കുറച്ച് നാളത്തേക്ക് വരാൻ പറ്റിയെന്ന് വരില്ല... നിനക്ക് അറിയാല്ലോ കാര്യങ്ങൾ..."
"മോള് ചോദിച്ചാൽ...?!"
"നീ എന്തേലും പറഞ്ഞാൽ മതി...
ഇനി കള്ളം പറയാൻ ഞാൻ നിന്നെ പഠിപ്പിക്കണോ..."
ഒരു പരിഹാസ ചിരിയോടെ അയാൾ പുറത്തേക്കിറങ്ങിപ്പോയി...
കള്ളം പറയാൻ തനിക്കറിയാമെന്ന്, അതിന് തന്നെ വേറെ ആരും പഠിപ്പിക്കണ്ടാന്ന്...
എന്നുമുതലാ ഞാൻ കള്ളിയായത്...
സ്വന്തം വീടും നാടും വിട്ട് ദൂരേക്ക് ചേക്കേറിയപ്പോൾ വീട്ടുകാർക്ക് ഞാൻ കള്ളിയായി.
വിവാഹം കഴിക്കാതെ ഒരുവൻ ഇടയ്ക്കിടെ വീട്ടിൽ വന്നുപോയപ്പോൾ നാട്ടുകാർക്ക് ഞാൻ കള്ളിയായി.
അറിഞ്ഞോ അറിയാതെയോ ഒരു 'അവിഹിത' സന്തതി വയറ്റിൽ കുരുത്തപ്പോൾ ഞാൻ സമൂഹത്തിൽ കള്ളിയായി.
ഇന്നിതാ പ്രാണന്റെ പാതിയായി കണ്ടവനും കള്ളിയെന്ന് മുദ്ര കുത്തി.
സീമന്ത രേഖയിലെ സിന്ദൂരവും കഴുത്തിലെ താലി ചരടും ഒരു 'മറ'യായിരുന്നെന്ന് അറിയുമ്പോൾ നാളെ ജന്മം കൊടുത്തവളും എന്നെ കള്ളിയെന്ന് വിളിക്കും.....
✍️ദിവ്യ ലക്ഷ്മി
Comments
Post a Comment