പഴമയുടെ വഴിയിലൂടെ.....

 



 

"താനാ തന തന

താനാ തന തന

താനാ തന തന തന്തിനാരോ

തരിളം തെയ്യാര തെയ്യത്താരാ... "

                ഈ  വായ്‌താരി ഒരു പതിറ്റാണ്ട് മുൻപ് എന്റെ ദേശത്ത് ഇഴുകിച്ചേർന്നൊരു താളമായിരുന്നു.. തെക്കൻ കേരളത്തിന്റെ അറ്റത്തുള്ള ഒരു ചെറിയ ഗ്രാമം. പെരുമ്പഴുതൂർ... ആ നാടിനോട് ആകമഴിഞ്ഞൊരു ആത്മബന്ധം തന്നെ എനിക്കുണ്ട്. എങ്കിലും, ആ നാടിന്റെയും നാട്ടുകാരുടെയും നിഷ്കളങ്കതയും ജീവിതവും അറിയാൻ കുറച്ചു കാലം പിന്നിലേക്ക് സഞ്ചരിക്കേണ്ടി വരും.. നേരത്തെ സൂചിപ്പിച്ച വായ്‌താരി ഇവിടെയുണ്ടായിരുന്ന നെൽപ്പാടങ്ങളിൽ പണിയെടുത്തിരുന്ന സ്ത്രീകളിലൂടെ ഞാൻ ഹൃദയത്തിലേറ്റിയതാണ്. ഇപ്പോഴും ആ വരികൾ എന്റെ ഹൃദയത്തിൽ നിൽക്കാനുള്ള കാരണം ആ കർഷക സ്ത്രീകളുടെ കൂട്ടത്തിൽ എനിക്കേറെ പ്രിയപ്പെട്ട എന്റെ അച്ഛമ്മ കൂടി ഉണ്ടായിരുന്നത് കൊണ്ടു തന്നെയാണ്.

                  ഞാൻ കണ്ട എന്റെ നാട്ടിലൂടെ നിങ്ങളെയും കൂട്ടികൊണ്ട് പോവാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു യാത്രയെന്ന പോലെ..... കാർഷിക കൂട്ടായ്മയുടെ കേന്ദ്രമായിരുന്ന വടക്കേക്കര പാടത്ത് നിന്നു തന്നെ തുടങ്ങാം. അവിടെ ആ ദേശത്തുള്ള ഒട്ടുമിക്ക സ്ത്രീജനങ്ങളും സന്നധരായിരിക്കും. പണിയെടുത്തും.., കളപറിച്ചും.., നുണപറഞ്ഞും... "കീടങ്ങൾ വിള നശിപ്പിക്കും പോലെ, അസൂയ മനുഷ്യനെ കാർന്നുതിന്നുന്നു "-പാടത്തെ പണിക്കിടയിൽ ദേവകിയമ്മ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അസൂയയോളം മനുഷ്യനെ അപകടത്തിലാക്കുന്ന മറ്റൊരു വികാരം ഇല്ലലോ.. ബാല്യത്തിന്റെ അപക്വത ആ പഴമൊഴിയുടെ അർഥതലത്തിൽ നിന്നും എന്നെ മറച്ചുവയ്ക്കുകയായിരുന്നു.. "ആർക്കാനും വേണ്ടി ഓക്കാനിക്കുന്നു " എന്ന് ദേവകിയമ്മയുടെ പണിയെ എല്ലാരും കുറ്റപ്പെടുത്തുമെങ്കിലും യാഥാർഥ്യത്തിൽ അവരുടെ ശാരീരിക ആസ്വസ്ഥ്യം ഞാൻ മനസിലാക്കിയിട്ടുണ്ട്. വാർദ്ധക്യത്തിലും പണിയെടുക്കാനുള്ള അവരുടെ മനസ്സിനെയല്ലേ നാം അഭിനന്ദിക്കേണ്ടത്.

                      "ആടു പാമ്പേ ആടാടു പാമ്പേ..."ഈ വരികൾ കൃഷിപ്പണിക്കിടയിൽ പാടുന്നത് സാധാരണയല്ലെങ്കിലും ഇടയ്ക്കൊക്കെ നമ്മുടെ നായികമാരുടെ വായിൽ നിന്നും ആ വായ്‌താരി ഉയർന്നു വന്നിട്ടുണ്ട്. ഒഴിവുദിവസങ്ങളിൽ അവരോടൊപ്പം ചീരയ്ക്ക് വെള്ളം നനയ്ക്കാനും മറ്റും " അണ്ണാറക്കണ്ണനും തന്നാലായത് " എന്ന മട്ടിൽ ഞാനും കൂടാറുണ്ടായിരുന്നു.. പാടത്തിനൊപ്പം പ്രാധാന്യമർഹിക്കുന്നുണ്ട് കുഞ്ചുകുളങ്ങരകുളത്തിന്.. നെൽവയലിന്റെ പടിഞ്ഞാറേ കോണിൽ സമൃദ്ധമായി നിറഞ്ഞു കവിഞ്ഞൊരു ജലസ്ത്രോതസ്. ഉച്ചവെയിലാളുന്ന നേരത്ത് കുളത്തിൽ "മുങ്ങാംകുഴിയിടുന്ന" കുട്ടികളെയും കാണാം. മുങ്ങാംകുഴിയിടുക എന്ന പ്രയോഗം ഇവിടെ സർവസാധാരണമാണ്. കുളത്തിൽ മുങ്ങിപോങ്ങുമ്പോൾ വെള്ളത്തിലെ തെളിഞ്ഞ ഓളത്തെ കീർത്തിക്കുന്ന പ്രയോഗമാണിത്. ചേറിൽ വിരിയുന്ന താമരയുടെ മഹത്വം ഞാനറിഞ്ഞതും ഈ കുളത്തിലൂടെയാണ്. " ചേറിൽ താമരയും വിരിയും " എന്ന് പഴമക്കാർ പറയുന്നത് സമൂഹത്തിൽ മോശം സാഹചര്യത്തിൽ ജീവിക്കുന്നവർക്ക് ഒരു പ്രചോദനം തന്നെയാണ്..

                       വടക്കേക്കര പാടത്തെ വിശേഷങ്ങൾക്ക് തല്ക്കാലം ഒരു വിരാമം..


ഇനിയൊരു ആൽവഴിയിലൂടെ പോയാലോ? ആൽവഴികളുടെ ഓർമകളിൽ മറക്കാനാവാത്തത് കേശവൻ മാമന്റെ ചായക്കടയാണ്. നാട്ടിലെ വിശേഷങ്ങളൊക്കെ പറഞ്ഞും ചിരിച്ചും അങ്ങനെയങ്ങനെ.... നാട്ടിലെ പ്രമുഖ പ്രമാണിയായ മാധവൻനായരുടെ വാർത്തമാനങ്ങൾ ആവും മിക്കപ്പോഴും അവിടുത്തെ ചർച്ചവിഷയം."അറുത്ത കൈയ്ക്ക് ഉപ്പുത്തേയ്ക്കാത്തവൻ " എന്നൊരു വിശേഷണം ആ മനുഷ്യന് എല്ലാരും ചാർത്തികൊടുത്തിട്ടുണ്ട്. അല്ലെങ്കിലും പണം സൂക്ഷിച്ചു ഉപയോഗിക്കുന്നവരെല്ലാം മറ്റുള്ളവരുടെ മുന്നിൽ പിശുക്കന്മാർ തന്നെയാണ്..

                 പെരുമ്പഴുതൂരിന്റെ കഥ ഇവിടെ അവസാനിക്കുന്നില്ല.. ആൽവഴിയിലൂടെ എത്തിച്ചേരുന്നത് ആലറ ശ്രീഭദ്രകാളിയുടെ തിരുനടയിലാണ്.

               "അഗ്നിമന്ത്ര തിരുമുടിയാലുണരും അംബികേ.. വേതാള പുറമേറും വേദനായികേ.... ദേവിയെ വാഴ്ത്തിപ്പാടുന്ന സ്തുതി പ്രഭാതത്തിലും പ്രദോഷത്തിലും നാടിന്റെ ഐശ്വര്യത്തിന്റെ പ്രതീകം തന്നെയാണ്..


             വർഷങ്ങൾക്കിപ്പുറം എന്റെ നാട് ഒരുപാട് മാറിയിരിക്കുന്നു.. വടക്കേക്കര നെൽപ്പാടം ഇന്ന് വാഴത്തോപ്പുകളാണ്.. കുഞ്ചുകുളങ്ങര കുളം ഇന്ന് വറ്റിവരണ്ട ഒരു ജലാശയമാണ്.. ആൽവഴിയിലെ കാഴ്ചകൾ മറഞ്ഞിരിക്കുന്നു.. ദേവിയെ ഇപ്പോഴും ഇവിടെ കുടിയിരുത്തീട്ടുണ്ട്.. മാറ്റങ്ങൾ എല്ലായ്‌പോഴും അനിവാര്യമാണ്.. എങ്കിലും ആ പഴമയുടെ വഴിയിലൂടെ വീണ്ടും നടക്കാൻ ഞാൻ ആഗ്രഹിച്ചു പോവാറുണ്ട്. പരിഷ്കാരങ്ങളെ ന്യായീകരിക്കാൻ "നാടോടുമ്പോ നടുവേ ഓടണം " എന്നൊക്കെ പറഞ്ഞുവയ്ക്കാമെങ്കിലും പഴമയുടെ മാധുര്യമറിഞ്ഞവർക്ക് ഇന്നത്തെ സമൂഹം ചവർപ്പ് തന്നെയാണ്.. ഭൂമിശാസ്ത്രപരമായ മാറ്റങ്ങൾ മാത്രമല്ല പഴമയുടെ വായ്മൊഴികളും വായ്തരികളും ഇന്ന് മറഞ്ഞിരിക്കുന്നു.... ഇനിയൊരു പുനർജ്ജന്മമില്ലെന്ന യാഥാർഥ്യത്തോടെ....


-വർഷ മോഹൻ -

                    



Comments

  1. ഗൃഹാരുത നിറഞ്ഞ എഴുത്, വായനയിൽ മനസ് കുളിർന്നു🙏🙏

    ReplyDelete
  2. മനോഹരവും ഹൃദയവുമായ എഴുത്ത്. മുത്തുകൾ പോലെ കോർത്തിണക്കി വരികളിലൂടെ നമ്മെ അനുഭവത്തിലേക്കു കൊണ്ടുപോകുന്നു. ശൈലി വളരെ ലാളിത്യം നിറഞ്ഞത്. സുന്ദരം. 👍🏻

    ReplyDelete
  3. ലളിതവും ഹൃദയ സ്പർശിയുമായ എഴുത്ത്. ❤️❤️❤️❤️👏🏆🏆🏆

    ReplyDelete
  4. നന്നായിട്ടുണ്ട് ❤️❤️❤️

    ReplyDelete

Post a Comment

Popular posts from this blog

'അവിഹിത'യുടെ പ്രണയം

EDU - 15.9 : ADVANCED STUDIES : CURRICULUM AND PEDAGOGIC COURSES IN SOCIAL SCIENCE MCQ

Penned Thoughts 💭