അങ്ങനെ ആ വസന്തവും പോയി മറഞ്ഞു...
ഇന്നലെ തുടങ്ങിയ മഴയാണ്. നേരം ഇരുട്ടാറായിട്ടും നിന്നിട്ടില്ല....
"ഓഹ്, ഇങ്ങനെ പോയാൽ എന്താകും എന്റെ ലക്ഷ്മിക്കുട്ടിയെ..... അവൻ ഇതുവരെ ഇങ്ങ് എത്തീലല്ലോ !? "
ദേവകിയമ്മ ഉള്ളിലെ നീറ്റൽ പേരക്കുട്ടിയോട് തുറന്നു പറഞ്ഞു.
"ഒന്ന് സമാധാനിക്കെന്റെ മുത്തശ്ശി, ഏട്ടൻ ഇപ്പോ വരും. എന്തായാലും നേരെ ഇങ്ങോട്ട് വരുമെന്നല്ലേ പറഞ്ഞെ !! അപ്പോപ്പിന്നെ അല്പം വൈകിയാലും ഇങ്ങേത്തിക്കോളും. "
പെയ്തൊഴിയാൻ വിസമ്മതിക്കുന്ന മഴയെ നോക്കിയിരുന്നുകൊണ്ട് അവൾ പറഞ്ഞു...
"വഴിയിൽ എവിടെയെങ്കിലും വച്ച് കൂട്ടുകാരെ ആരെയെങ്കിലും കണ്ടിട്ടുണ്ടാകും.... "ഏട്ടന്റെ ദൗർബല്യം കൂട്ടുകാരണെന്ന് നന്നായി അറിയാവുന്ന അനിയത്തി അതുംകൂടി കൂട്ടിച്ചേർത്തു.
ശരിയാണെന്ന മട്ടിൽ തലയുമാട്ടിക്കൊണ്ട് മുത്തശ്ശി അകത്തേക്ക് പോയി.
" എടാ അളിയാ, വിഷ്ണു നീ എപ്പോ വന്നെടാ?"
"ഇപ്പോ വന്നതേയുള്ളൂ.. വന്നപ്പോ ദാമുവേട്ടന്റെ കൈയ്യീന്ന് ഒരു ചായ കുടിക്കാൻ തോന്നി, നേരെ കേറി ഇങ്ങോട്ട്....."
"അല്ലെങ്കിലും ദാമുവേട്ടന്റെ കടയീന്ന് ഒരു ചായ കുടിച്ചാ ഒരിക്കലും അതിന്റെ രുചി നാവീന്ന് പോവില്ല.. " വിഷ്ണുവിന്റേയും സുഹൃത്ത് ഹരിയുടെയും സൗഹൃദ സംഭാഷണം അങ്ങനെ നീണ്ടു...
"അല്ലടാ, അടുത്ത ആഴ്ചയല്ലേ നിന്റെ പെങ്ങളുടെ കല്യാണം.... "
"ങ്ഹാ, അതേടാ, അതാ ഞാൻ ലീവെടുത്ത് ഇങ്ങ് പോന്നെ... കുറച്ച് കാശിന്റെ കുറവുകൂടിയുണ്ട്. ഇവിടെ ഒന്ന് രണ്ടുപേരെക്കൂടി കണ്ടു എല്ലാം ഒന്ന് റെഡിയാക്കണം.... അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയല്ലേ. അവരുടെ സ്ഥാനത്തുനിന്ന് ഞാനല്ലേ എല്ലാം നോക്കേണ്ടേ..!!"
വിഷ്ണു ഒന്നു നെടുവീർപ്പെട്ടു.
"നീ ഒന്നുകൊണ്ടും പേടിക്കണ്ട എല്ലാം ശരിയാകും..!!".
സമയം ഒരുപാട് വൈകി... ഏട്ടനെ കാണാതായതോടെ ലക്ഷ്മിയുടെ ഉള്ളിൽ പേടി ഒരു കടൽ പോലെ ഇരുമ്പിക്കയറി.
"എന്നാലും ന്റെ കുട്ട്യേ, വിഷ്ണു ഇതുവരെ ഇങ്ങു വന്നില്ലല്ലോ..?? !!" കിടന്നിട്ട് സ്വസ്ഥത കിട്ടുന്നില്ല എന്ന മട്ടിൽ ദേവകിയമ്മ പിന്നെയും പുറത്തേക്ക് വന്നു.
രാവിലെ കണ്ടതുപോലെ കൊച്ചുമോളുടെ മുഖത്ത് തിളക്കമില്ലെന്ന്, അവർ തിരിച്ചറിഞ്ഞു... ഏട്ടനെ കാണാത്തത്തിൽ അവൾ ഏറെ അസ്വസ്ഥയായിരുന്നു. വീടിന്റെ ഉമ്മറത്തിരുന്ന് അവൾ വിദൂരതയിലേക്ക് നോക്കിയിരുന്നു.
"ഇന്നിനി അവൻ വരുമെന്ന് തോന്നുന്നില്ല, മോള് വിഷമിക്കണ്ട, അവൻ നാളെ കാലത്തുതന്നെ ഇങ്ങുവന്നോളും. ലക്ഷ്മിക്കുട്ടി വന്ന് കിടന്നേ, വാ മോളെ, നമുക്ക് കിടക്കാം... "
"എന്നാലും മുത്തശ്ശി, ഏട്ടൻ രാവിലെ തന്നെ എത്തുമെന്ന് പറഞ്ഞതല്ലേ... എനിക്ക് എന്തോ പേടിയാകുന്നു, ഇനി എങ്ങാനും ഏട്ടന് വല്ല അപകടവും പറ്റിയിട്ടുണ്ടാവുമോ?? !!" അവൾ മുത്തശ്ശിയെ ഒന്ന് നോക്കി.
"ഏയ്യ്, എന്താ കുട്ട്യേ നീ ഈ പറയണേ... അത് മോൾക്ക് ഏട്ടനോടുള്ള സ്നേഹക്കൂടുതൽ കൊണ്ടുതോന്നുന്നതാ, നീ വന്നേ നമുക്ക് കിടക്കാം." ദേവകിയമ്മ അവളെപിടിച്ച് എഴുന്നേൽപ്പിച്ചു...
"എന്നാലും മുത്തശ്ശി..... ഏട്ടൻ.... " അവളെ പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കാതെ മുത്തശ്ശി ഇടക്ക് കയറി..
"എന്റെ മോളെ, അവന് ഒന്നും സംഭവിക്കില്ല, മുത്തശ്ശി അല്ലെ പറയണേ... നീ ഇങ്ങുവന്നേ... " ദേവകിയമ്മയുടെ നിർബന്ധത്തിന് വഴങ്ങി അവൾ വീടിനകത്തേക്ക് പോയി...
ഏട്ടനെക്കുറിച്ചുള്ള വ്യാകുലത ഉള്ളിൽ നിന്ന് മാറിയ ഏതോ നിമിഷം അവളുടെ കണ്ണുകളെ ഉറക്കം തന്നിലേക്ക് വലിച്ചടുപ്പിച്ചു. പെട്ടെന്ന് വീടിന്റെ മുന്നിലെ കതകിൽ ആരോ വന്നു തട്ടി. ലക്ഷ്മി ചാടി എഴുന്നേറ്റ് മുത്തശ്ശിയെ വിളിച്ചേഴുന്നേൽപ്പിച്ചു...
"മുത്തശ്ശി...മുത്തശ്ശി എഴുന്നേൽക്ക്, ഏട്ടൻ
വന്നു " അവൾ വേഗം വന്ന് കതക് തുറന്നു.
അപ്പോൾ കണ്ട കാഴ്ച ഇരുവരെയും ഞെട്ടിച്ചു.. വീടിനുമുന്നിൽ രണ്ടു മൂന്നു പോലീസുകാർ... ലക്ഷ്മി വീടിനു വെളിയിൽ ഇറങ്ങി, ഞെട്ടൽ വിട്ട് മാറാത്ത മുഖവുമായി അവൾക്ക് തൊട്ടുപിന്നിലായി ദേവകിയമ്മയും വന്നു.
"വിഷ്ണുവിന്റെ വീടല്ലേ ഇത് !?" ഗൗരവം കലർന്ന ശബ്ദത്തിൽ കൂട്ടത്തിലെ ഒരു പോലീസുകാരൻ ചോദിച്ചു.
"അതെ, എന്താ സർ കാര്യം !!?? "ആകെ അസ്വസ്ഥമായ സ്വരത്തിൽ അവൾ കാര്യം തിരക്കി.
"ഞങ്ങൾ ഈ വീടോന്ന് സെർച്ച് ചെയ്യാൻ വന്നതാ." ലക്ഷ്മിയുടെ ചോദ്യത്തിനുള്ള മറുപടി അല്പം കടുപ്പമായിരുന്നു.
"ഈ അസമയത്തോ!!!" ദേവകിയമ്മ ആകെ ഞെട്ടി വിറച്ചു പോയി.
അർദ്ധരാത്രി, രണ്ടു സ്ത്രീകൾ മാത്രമുള്ള ഒരു വീട്ടിൽ പോലീസുകാർ വന്നതിലെ അസ്വഭാവികത ഉൾക്കൊള്ളാൻ കഴിയാതെ അവർ പകച്ചു പോയി.
"ഇന്ന് ഉച്ചക്ക് വിഷ്ണുവിനെയും സുഹൃത്തിനെയും ഞങ്ങൾ കസ്റ്റഡിയിൽ എടുത്തു.." ഒരുനിമിഷം ഒന്നുനിർത്തിയിട്ട്, "...വിഷ്ണു ലഹരി കടത്തുന്നുണ്ട് എന്നൊരു ഇൻഫർമേഷൻ ഞങ്ങൾക്ക് കിട്ടിയിരുന്നു... "
"ഇല്ല, എന്റെ ഏട്ടൻ അങ്ങനെ ഒന്നും ചെയ്യില്ല, അത് ഞങ്ങൾക്ക് ഉറപ്പുണ്ട്.... "
"അതൊന്നും ഞങ്ങൾക്ക് അറിയണ്ട. വിഷ്ണുവിന്റെ കൈയിൽ ഉണ്ടായിരുന്ന ബാഗിൽ നിന്നും ഞങ്ങൾക്ക് രണ്ടു കിലോ കഞ്ചാവും പാൻപരാഗും കിട്ടിയിട്ടുണ്ട്. നിങ്ങൾ ഞങ്ങളോട് സഹകരിക്കണം.. ഞങ്ങൾക്ക് ഈ വീടോന്ന് സെർച്ച് ചെയ്യണം."
ഇത്രയും പറഞ്ഞുകൊണ്ട് പോലീസുകാർ വീടിനുള്ളിലേക്ക് തള്ളിക്കയറി.
എന്താ സംഭവിക്കുന്നത് എന്നറിയാതെ ദേവകിയമ്മയും ലക്ഷ്മിയും പകച്ചു നിന്നു.
പോലീസുകാർ വീടിനുള്ളിൽ തിരച്ചിൽ ആരംഭിച്ചു. അവർ കൈയിൽ കിട്ടിയതൊക്കെ വാരി വലിച്ചിട്ടു. ഒരുമണിക്കൂർ നീണ്ടുനിന്ന നായട്ടിനുശേഷം അവർ അവിടെ നിന്ന് ഇറങ്ങിപ്പോയി.
എന്തുചെയ്യണം എന്നറിയാതെ അർദ്ധപ്രാണനുമായി നിൽക്കുകയാണ് ലക്ഷ്മി.
"മുത്തശ്ശി, എന്താ ഇതൊക്കെ..?? എന്റെ ഏട്ടൻ... ഇല്ല എന്റെ ഏട്ടൻ ഒരിക്കലും ഇങ്ങനെ ഒന്നും ചെയ്യില്ല.. ഏട്ടനെ ആരോ ചതിച്ചതാ.. മുത്തശ്ശി, എന്റെ ഏട്ടൻ...... "ഒരു അബലയെപ്പോലെ അവൾ ദേവകിയമ്മയുടെ മാറിൽ കിടന്നു തേങ്ങി.
"എന്റെ ഈശ്വരാ, ഞാൻ ഇത് എന്തൊക്കെയാ കേക്കണേ... ഈ വയസ്സിക്ക് ഇനിയെങ്കിലും കുറച്ച് സമാധാനം നൽകിക്കൂടെ... എന്റെ കുട്ടികൾ എന്തപരാദമാ ഇതിനും വേണ്ടി ചെയ്തേ..."
നേരം സന്ധ്യയോട് അടുക്കുന്നു...
"വിഷ്ണു, ഇങ്ങനെ ഇരുന്നാൽ മതിയോ ചിതക്ക് തീ കൊളുത്തണ്ടെ " ഇതും പറഞ്ഞ് ഹരി അവനെപിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.
അവന്റെ കാലുകൾ നിലത്ത് ഉറക്കുന്നുണ്ടായിരുന്നില്ല. ഒരുവിധത്തിൽ ഹരി അവനെ ചിതക്കരുകിൽ എത്തിച്ചു. മൺകുടവുമായി അവൻ ചിതക്ക് ചുറ്റും വലം വച്ചു. ഭൂമി തനിക്ക് ചുറ്റും കറങ്ങുന്നതായി അവന് തോന്നി. കർമി അവനുനേരെ കൊള്ളി നീട്ടി. വിങ്ങുന്ന മനസ്സോടെ വിഷ്ണു ചിതക്ക് തീ കൊളുത്തി. അവസാനം, അവനും കത്തിയമർന്ന കനലും മാത്രമായി അവിടം ശൂന്യമായി.
"മോനെ, എഴുന്നേൽക്ക്, നീ ഈ വെള്ളം കുടിക്ക്.. രാവിലെ മുതൽ ഒന്നും കുടിച്ചിട്ടില്ലല്ലോ നീയ്യ്.. " ദേവകിയമ്മയുടെ വിറങ്ങലിച്ച മെലിഞ്ഞ വിരലുകൾ അവന്റെ തോളത്തുപ്പതിച്ചു.
അവൻ നിറകണ്ണുകളോടെ മുത്തശ്ശിയെ ഒറ്റുനോക്കി. ഈ സമയം, അയലത്തെ വീട്ടിൽ നിന്നു സന്ധ്യാ ജപം ഉയർന്നു വന്നു ഒപ്പം സന്ധ്യാ വാർത്തയും.
"നമസ്കാരം,
പ്രധാന വാർത്തകൾ. രാമപുരത്ത് യുവതി ആത്മഹത്യ ചെയ്യ്തു. ലക്ഷ്മി, 21 വയസ്സാണ് ഇന്നലെ രാത്രി കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരൻ വിഷ്ണു ഒരു തെറ്റായ അറിയിപ്പിന് പുറത്ത് പോലീസ് കസ്റ്റഡിയിൽ ആയതും അതെതുടർന്ന് പോലീസ് വീട്ടിൽ നടത്തിയ തിരച്ചിലിലും മനം നൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്യ്തത്.....
"എന്ത് അബദ്ധമാ മുത്തശ്ശി അവൾ കാട്ടിയെ, അവൾക്ക് ഒന്ന് കാത്തിരിക്കാൻ മേലായിരുന്നോ.... "ഒരു കൊച്ചു കുട്ടിയെപ്പോലെ അവൻ മുത്തശ്ശിയുടെ മടിയിൽ മുഖമമർത്തിക്കരഞ്ഞു.
സൂര്യൻ മേഘങ്ങൾക്കിടയിലൂടെ കടലിലേക്ക് ഇറങ്ങി.അങ്ങനെ ആ വസന്തവും അവിടെ മാഞ്ഞു. ലക്ഷ്മിയെപ്പോലെ... ഇനിയുള്ള കാലം വിഷ്ണുവിനും ദേവകിയമ്മക്കും കാലവർഷം മാത്രം സമ്മാനിച്ചുകൊണ്ട്..
"..... കല്യാണത്തിന് കാശ് സംഘടിപ്പിക്കാനാവും പാവം എന്റെ ഏട്ടൻ ഇങ്ങനെ ഒരു കടുംകൈ ചെയ്തേ... "
ലക്ഷ്മിയുടെ വാക്കുകൾ ഒരു തിരമാല പോലെ മുത്തശ്ശിയുടെ മനസ്സിൽ ആഞ്ഞടിച്ചു കൊണ്ടിരിന്നു.....
👏 👏
ReplyDelete❤️❤️❤️
Deleteകല്യാണത്തിന് കാശു തരപ്പെടുത്താൻ എന്തും ചെയ്തുപോകും...അത്രക്കു കാശു ചിലവാക്കണോ കല്യാണത്തിന്, ജീവിക്കാൻ ചിലവാക്കിയാൽ പോരേ 🤔
ReplyDeleteGreat Divya...you are an amazing storyteller..do keep telling stories
ReplyDelete👏👏👌
ReplyDeleteVery nice story
ReplyDelete👏👏👏
ReplyDelete👌👌👌
ReplyDelete❤️
ReplyDelete👏🏽👏🏽
ReplyDeleteNalloru ezhuthukaari....bhaashayude thelimayum , laalithyavum......iniyum ezhuthuka👍
ReplyDelete